വെൽകം റ്റു റൈലീസ്(Welcome to Rileys)
ക്രിസ്റ്റെൻ സ്റ്റിവാർട്ട് അഭിനയിച്ച സിനെമയാണ് എന്ന ഒറ്റ കാരണം കൊണ്ടാണ് ‘വെൽകം റ്റു റൈലീസ്’ കണ്ടത്.2010-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമാണ് വെൽകം റ്റു റൈലീസ്.ജേക് സ്കോട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ ജേംസ് ഗന്റൊൾഫിനി,ക്രിസ്റ്റെൻ സ്റ്റിവാർട്ട്,മെലിസ്സ ലിയോ തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു.
കൗമാരക്കാരിയായിരുന്ന ഏകമകൾ ഒരു കാറപകടത്തിൽ മരിച്ചിട്ട് വർഷങ്ങളായെങ്കിലും ഡാഗ്-ഉം അദ്ദേഹത്തിന്റെ ഭാര്യ ലോയിസ്-ഉം ഇന്നും ആ ഞെട്ടലിൽ നിന്നും മുക്തരായിട്ടില്ല. താനാണു മകളുടെ ദുർവിധിക്കു കാരണം എന്നു വിശ്വസിക്കുന്ന ലോയ്സ് എതാണ്ട് ഒരു വിഷാദരോഗിയെപ്പോലെയായിരിക്കുന്നു. വർഷങ്ങളായി അവർ ആ വീട് വിട്ടു പുറത്തിറങ്ങാറില്ല. ഡാഗ് ഒരു ഹോട്ടൽ ജീവനക്കാരിയിൽ ആശ്വാസം കണ്ടെത്തുന്നു. പക്ഷെ അവരുടെ പെട്ടെന്നുള്ള മരണം ഡാഗ്-നെയും തളർത്തുന്നു.
പിന്നീട് ഒരു യാത്രയ്ക്കിടയിലാണ് ഡാഗ് മാലറി-യെ കാണുന്നത്. അവിചാരിതാമായിരുന്നു ആ കണ്ടു മുട്ടൽ. മാലറി ഒരു ‘സ്ട്രിപ്പർ’ ആയിരുന്നു. ജോലി ചെയ്യുന്ന ബാറിലെ മദ്യപന്മാരുടെ മുന്നിൽ അർധ്നഗ്ന നൃത്തം ചെയ്തും അവരെ ‘സന്തോഷിപ്പിച്ചും’ ആയിരുന്നു അവൾ ജീവിച്ചിരുന്നത്. 22 എന്നാണ് അവൾ ഡഗ്-നോട് പറഞ്ഞതെങ്കിലും അവൾക്ക് 16 വയസ്സിൽ കൂടില്ല എന്ന് ഡാഗ്-നു തോന്നിയിരുന്നു.
ഡോളറിനു വേണ്ടി മുന്നിൽ മുട്ടു കുത്തി ‘തയ്യാറായിരുന്ന’ അവളെ കണ്ടപ്പോൾ ഒരു നിമിഷത്തേക്കെങ്കിലും ഡാഗ് അയാളുടെ മകളെ ഓർത്തോ..? അറിയില്ല.. എന്നാൽ ഒരു രാത്രി മാലറി-യുടെ അഴുക്കു പിടിച്ച വീടു കണ്ടപ്പോൾ അയാൾക്ക് മകളെ ഓർമ വന്നിരിക്കണം. അതോ മാലറിയാണ് തന്റെ മകളെന്ന് അയാൾക്ക് തോന്നിയോ? തോന്നിയിരിക്കണം. അതു കൊണ്ടാണല്ലോ അയാൾ അവൾക്ക് അങ്ങോട്ട് വാടക കൊടുത്ത് ആ കുടുസു കെട്ടിടത്തിൽ താമസിക്കാൻ തീരുമാനിച്ചത്.അവളൂടെ വൃത്തികെട്ട കക്കൂസ് വൃത്തിയാക്കാൻ സമയം കണ്ടെത്തിയത്.അവൾക്ക് വേണ്ടി പുതിയ നല്ല കിടക്ക വാങ്ങിയത്.എല്ലാറ്റിനുമുപരി അവളുടെ ലൈംഗിക ചേഷ്ടകളെ അവഗണിക്കാൻ സാധിച്ചത്.
പക്ഷെ മാലറി എന്തായിരുന്നു? ആരായിരുന്നു? കുരുന്നു പ്രായത്തിലേ വേണ്ടപ്പെട്ടവർ കൈ വിട്ടു പോയ ഒരു പെൺകുട്ടിയുടെ അനിവാര്യമായ വിധിയായിരുന്നോ അവളുടേത്? ഒരിടത്തും അവൾ അവളെ ന്യായീകരിച്ചതായി ഓർക്കുന്നില്ല..അവൾ അഹങ്കാരിയായിരുന്നു.അതോ അതവളൂടെ വിഡ്ഡിത്തമായിരുന്നോ? അവളുടെ ശരീരത്തെ ആർത്തിയ്യോടെ നോക്കിയിരുന്ന പുരുഷന്മാരെ അവൾ സന്തോഷിപ്പിചു.അവരോട് കെഞ്ചിയും കൊഞ്ചിയും കിട്ടിയിരുന്ന ഓരോ ഡോളറും അവൾ സൂക്ഷിച്ചു.അവളുടെഭാവിക്കായി.താൻ ഇന്നേവരെ കണ്ടവരെപ്പോലെയല്ല ഡാഗ് എന്നതായിരിക്കാം അവളെ അയാളോടടുപ്പിച്ചതും. അയാളോട് ദേഷ്യപ്പെട്ട സമയത്തും അവൾ അയാളെ വെറുത്തില്ല..തികച്ചു അപരിചതനായിട്ടു പോലും..ചിലപ്പോൾ അവൾക്ക് അയാൾ ആരൊക്കെയോ ആണെന്നു തോന്നി..
പക്ഷെ ലോയ്സ് ഈ ബന്ധം എങ്ങനെ എടുക്കും..50-കാരൻ ഭർത്താവും 16-കാരി വേശ്യയുമായുള്ള അവിശുദ്ധ ബന്ധം..അതിലപ്പുറം? ഒരു പക്ഷെ അവരും ഡാഗ്-നെ പോലെ ഒരു മകൾക്ക് വേണ്ടി കൊതിച്ചിരിക്കും.
“മാഡം, നിങ്ങളുടെ മകൾക്ക് നിങ്ങളെ അവിടെ ഡ്രസ്സിങ്ങ് റൂമിൽ ആവശ്യമുണ്ട്”
അല്ലെങ്കിൽ എന്തിനായിരിക്കാം സേൽസ് ഗേളിനോട് പല പ്രാവശ്യം നന്ദി പറഞ്ഞത്? തന്റെ ഗുഹ്യഭാഗത്ത് എന്തോ കുഴപ്പമുണ്ട് എന്ന് പറഞ്ഞ് അർദ്ധരാത്രിയിൽ കുളിമുറിയിൽ കയറിയ മാലറിയുടെ,പെട്ടെന്ന് ‘വലിയ’ പെണ്ണായ ഒരു കൊച്ചുപെണ്ണിന്റെ പകപ്പ് ഒരമ്മയെപ്പോലെ മാറ്റിയത്?
ജേംസ് ഗന്റൊൾഫിനിയും മെലിസ്സ ലിയോ-യും മികച്ച അഭിനേതാക്കളാണ്(ഇത് നേരത്തെ അറിയാമായിരുന്നവർ ക്ഷമിക്കുക). പക്ഷെ ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും എന്റെ ഫേവറിറ്റ് അവളാണ്-മാലറി അഥവാ ക്രിസ്റ്റെൻ സ്റ്റിവാർട്ട്.കേവലം ‘വാമ്പയർ ഫാന്റ്സി’ക്കു പുറത്ത് ക്രിസ്റ്റെൻ സ്റ്റിവാർട്ട് എന്ന ഒരു അഭിനേത്രിയുടെ സാന്നിദ്ധ്യം എനിക്ക് മനസ്സിലാക്കി തരുന്നു എന്നെ സംബന്ധിച്ചിടത്തോളം ‘വെൽകം റ്റു റൈലീസ്’.